Tuesday, December 8, 2009

കണക്കെഴുത്തുകാരുടെ കഥ

തോറ്റവരുടെ
കണക്കു പുസ്തകത്തിലെ
അക്കങ്ങള്‍
എപ്പോഴും മാഞ്ഞു തുടങ്ങിയിരിക്കും,
തോല്‍വി ഭയന്ന്
ആ അക്കങ്ങളിലേക്ക്
തന്നെ തുറിച്ച്
നോക്കുന്നതിനാലാകാം
അക്കങ്ങള്‍
ഇത്രപെട്ടന്ന്
മരിച്ചു പോകുന്നത്.

അവന്റെ പുസ്തകത്തില്‍
ഉത്തമര്‍ണ്ണനില്‍ നിന്നും
അധമര്‍ണനിലേക്കുള്ള ദൂരം
ഏഴുകടലിനും
ഏഴുകരക്കുമപ്പുറത്തായിരിക്കും

എന്നും വാങ്ങിയതിലും കൂടുതല്‍
കൊടുത്തതിന്റെ
ആലസ്യത്തിലായിരിക്കും
അവള്‍ ഉറങ്ങുക.

അവന്റെ
രാത്രികളില്‍
എന്നോ ഒരിക്കല്‍
തീപിടിച്ച്
മുങ്ങിമരിച്ച
ഒരു കപ്പലിന്റെയും
കപ്പിത്താന്റെയും കഥ
സിനിമയാകാറുണ്ടായിരിക്കും.

കമ്പ്യൂട്ടര്‍
വെളിച്ചത്തിലേക്കുള്ള
തുറിച്ചു നോട്ടത്തിനി-
-ടയിലെപ്പോഴോ
സൂത്രത്തില്‍ അകത്തുകയറിയ
ഇരുട്ട് കൂട്ടികൊടുത്ത
ചില ശബ്ദങ്ങളുണ്ടാകാം
അവരുടെ കൂടെ.
ജീവിക്കണമെന്ന്
മാത്രം പറയുന്ന
ചില ഇമ്പമുള്ള
പാട്ടുകളായി.

Wednesday, December 2, 2009

ജനയുഗത്തില്‍ നിന്ന്

ജനയുഗത്തില്‍ നിന്നുള്ള
മടക്കയാത്രയില്‍
ആകാശവാണിക്ക് മുമ്പില്‍
ഒരു കാവല്‍ക്കാരനുണ്ട്.
റോഡിലേക്കരിച്ചിറങ്ങുന്ന
വെളിച്ചം നാടുകടത്തിയ
ഇരുട്ടിന് കാവലിരിക്കുന്ന ഒരാള്‍.
ഇരുട്ടിന്റെ മൂട് പിടിച്ച്
ഞാന്‍ നടക്കുമ്പോള്‍
മകന്റെ ടൂഷന്‍ ഫീസ്,
ഭാര്യയുടെ ആശുപത്രി ചിലവ്
എന്നിങ്ങനെ
അയാളുടെ കണക്കുകള്‍
അവസാനിക്കുന്നില്ല.

രാത്രി അതുവഴിയെങ്ങാന്‍
വന്നേക്കാവുന്ന
ഒരൊറ്റ പരിചിതനെയും
അയാള്‍ക്കറിയില്ല.
അയാള്‍ കാവലിരിക്കുന്നത്
രാത്രിയെ നിലനിര്‍ത്താനല്ലോ?

ആകാശവാണിയുടെ
മതിലില്‍ പതിച്ചിരിക്കുന്ന
സിനിമാ പോസ്റ്ററുകളില്‍
എത്രയെത്ര സുന്ദരികളാണ്,
ഇന്നിവരില്‍ ആരായിരിക്കും
എനിക്കൊപ്പം അന്തിയുറങ്ങുക.
മോപ്പാസാങില്‍ നിന്നിറങ്ങിവന്ന
പെണ്‍കുട്ടിയെപ്പോലെ
ചുരത്താന്‍ വെമ്പുന്ന മുലകളും
താങ്ങി ഏതോ ഒരുവള്‍
എനിക്കു വേണ്ടിയും കാത്തുനില്‍ക്കുന്നുണ്ട്
ഈ ചുമരുകളില്‍.

മാറില്‍ ഫണ്‍ കീസ്
എന്നെഴുതി വച്ച ടീഷര്‍ട്ടുമിട്ട്
ഏതോ ഒരുവള്‍
പകല്‍ ഇതുവഴി പോയിട്ടുണ്ട്.
എന്റെ കാലടികള്‍
ആ തമാശയെയാണ്
തേടുന്നതെന്ന്
അവളറിഞ്ഞിരുന്നെങ്കില്‍.

Monday, October 12, 2009

ഒരു പെണ്‍കുട്ടിയുടെ ചുംബനങ്ങളില്‍ നിന്നും മോഷ്ടിയ്ക്കപ്പെട്ട ചിലത്

തിരക്കിന്റെ
തെരുവുകളിലിരുന്ന്
എനിയ്ക്ക് നിന്നെ
കൊല്ലണമെന്ന്
അവള്‍ ഉറക്കെ
പാടാറുണ്ടായിരുന്നു.
പുറത്തെ മഴയെ
പ്രണയിച്ച്
പുതപ്പിനുള്ളില്‍
അശ്ലീലം വരയ്ക്കാറുണ്ടായിരുന്നു.
അവിടെ
മൌനം കൊണ്ട്

ശരിയെ
തെറ്റാക്കുകയായിരുന്നു
അവള്‍.

തെരുവിന്റെ
സംഗീതത്തില്‍
ന്രുത്തം ചെയ്യുന്ന
നിഴലുകളെ
സ്വപ്നം കാണാനാണ്
താന്‍ ഉച്ചത്തില്‍
പാടുന്നതെ-
-ന്നാണ് അവള്‍
അവകാശപ്പെട്ടിരുന്നത്.

നിലച്ചുപോയ സംഗീതത്തെ
നഗ്നത കാട്ടി
വശീകരിക്കുകയാണവള്‍.
സ്വപ്നങ്ങളിലൊരാള്‍
ഇതു ജീവിതമാണെന്നു പറയുമ്പോള്‍
ഞാന്‍ ജീവിതമെഴുതുന്നവളാണെന്ന്
അവളുടെ മറുപടി.
ഒളിച്ചു കടത്തിയ
വിശുദ്ധരഹസ്യവുമായി
തന്നെ നിരന്തരം
പിന്തുടരുന്ന ഒരാള്‍ക്കായി
ആത്മഹത്യയുടെ
നേരുകളുറങ്ങുന്ന
മുറിയില്‍
മരം പെയ്യുന്ന രാത്രികളെ
സ്വപ്നം കാണാറുണ്ടെന്ന് അവള്‍.

ഇന്ന്
ഒരു തെരുവു ഗായകന്‍
നിശബ്ദതയിലേയ്ക്ക്
കാതോര്‍ക്കുന്നത്
ഇവളുടെ സംഗീതത്തിനായാണ്
വിലാപങ്ങള്‍ക്കും
ഏറ്റുപറച്ചിലുകള്‍ക്കുമിടയില്‍
എവിടെയോ നിശബ്ദമായ
സംഗീതത്തിനായി

Monday, August 31, 2009

നാടകാന്ത്യം

രംഗം 1

ഏതോ ഒരുവന്‍
ഒറ്റയ്ക്ക് നെയ്തെടുത്ത
തന്റെ ജീവിതമാണ്
ഈ കര്ട്ടന് പിന്നില്‍.
എന്നോ ഒരിക്കല്‍
നാഗരികതയിലേയ്ക്ക്
ഒളിച്ചോടിയ നായകന്‍
തിരിച്ച്ചെത്ത്തിയിട്ടു
വേണം
ഇവര്‍ക്ക്
ഈ ചെറിയ വേദിയില്‍
ഒരുങ്ങിയെത്താന്‍.

രംഗം 2

മകനുവേണ്ടിയുള്ള
കാത്തിരിപ്പിലെവിടെയോ
നഷ്ട്ടമായ കാഴ്ച്ചയും പേറി
ഒരമ്മയുണ്ട്.
പിഴച്ചു പോയെന്ന്
പരിതപിക്കുന്ന ഒരച്ഛനും.
ഭാര്യയുടെ
ഒരിക്കലും കണ്ടിട്ടില്ലാത്ത
പുര്‍വകാമുകനെ
വേട്ടയാടുന്ന
വില്ലനുമുണ്ട്.

രംഗം 3

കാരണം ബോധ്യപ്പെടാത്ത
ഗര്‍ഭം തേടിയുള്ള ഒരു യാത്രയുണ്ട്.
കണ്ണീരും,
ചടുലമായ
പ്രലോഭനങ്ങളുമുണ്ട്.
ഒരൊറ്റ വെടിവേപ്പിലോ
കത്തിക്കുത്തിലോ
വീഴാവുന്നതെയുള്ളൂ
ഈ കര്‍ട്ടനും.

എത്ര തകര്ന്നു
വീണാലും
ഒരു ജീവിതം ബാക്കിയുണ്ടാകും
ഈ അവസാന വേദിയില്‍.

Thursday, August 13, 2009

ഒരു പ്രത്യേക സ്ഥലത്തെ.. പ്രത്യേക കുറിപ്പ്..

ഞാനിന്നലെ
ഒരു ചേച്ചിയെ കണ്ടു.
നീളമുള്ള
പച്ചക്കുപ്പായത്തില്‍
കൈകള്‍ ആകാശത്തേക്ക്
നീട്ടിപ്പിടിച്ചിരിക്കുന്ന
സുന്ദരിയായ ഒരു ചേച്ചി.

അവര്‍ക്കു
ഇറാഖിലെ അമ്മമാരുടെ
മുഖമായിരുന്നു.

ഇന്നലെ വരെ
ഇവളുടെ മുഖം
വീടിന് പുറത്താരും
കണ്ടിട്ടേയില്ല.
ഇന്ന്
നമ്മളോരോരുത്തരും
ടെലിവിഷനിലൂടെ
കണ്ടുകൊണ്ടേയിരിക്കുന്നു.
അവളുടെ തലയിലെ പര്‍ദ്ദ
അവളെടുത്ത്
മാറ്റിയതല്ല.
അവളെയിതിടാന്‍
പ്രേരിപ്പിച്ചവര്‍ തന്നെ
കത്തിച്ചു കളഞ്ഞതാണ്.

അവളുടെ ചിന്തകള്‍
കത്തിപ്പോയ തന്റെ
മുഖം മൂടിയെക്കുറിച്ചല്ല.
ഒന്നു കാണാന്‍ ശരീരാവയവങ്ങള്‍
പോലും ബാക്കിയാക്കിയില്ലാത്ത
തന്റെ പിള്ളാരുടെ
അച്ഛനെക്കുറിച്ചാണ്.

പണികഴിഞ്ഞ് വന്ന്
ഒന്നു കിടക്കട്ടെയെന്ന്
പറഞ്ഞ അയാളെ
താന്‍ തന്നെയാണ്
‘കൊച്ച് കരയുന്നു
ഒന്നു വേഗം പോയ് വരൂ-
-വെന്ന് നിര്‍ബന്ധിച്ചത്.

പുറത്തെവിടെയോ
പൊട്ടിത്തെറികള്‍
നടന്നുവെന്ന്
ആരൊക്കെയോ
പറഞ്ഞ് പോകുന്നത് കേട്ടു.
കുഞ്ഞിനെയുമെടുത്ത്
അപ്പോള്‍ ഇറങ്ങിയതാണ്.
പോയ കടവരെ ചെന്ന് നോക്കി.
പരിക്കേറ്റവരുടെ കൂട്ടത്തില്‍
ആരും കണ്ടിട്ടില്ല.
മരിച്ചവരാരെങ്കിലും
കണ്ടിട്ടുണ്ടോയെന്ന്
വിളിച്ച് ചോദിക്കയാണവള്‍.
അവളുടെ
പര്‍ദ്ദയുടെ നിറമുള്ള
ഒരു ലോകത്തോട്.

--------------------------------------------------------------------
കുറിപ്പ്:
ഇറാഖിലെ ബോംബ് സ്ഫോടനങ്ങളില്‍ എല്ലാം തകര്‍ന്ന ഒത്തിരിപ്പേര്‍ക്ക് വേണ്ടി

Thursday, August 6, 2009

ഒരു മുറി.. രണ്ട് ചിന്തകള്‍..






എല്ലാ പൌര്‍ണ്ണമികളിലും
ജനലിലൂടെ പുറത്തേക്ക്
എത്തി നോക്കാന്‍
നഗരത്തില്‍, എനിക്കൊരു
മുറിയുണ്ടായിരുന്നു.

എല്ലാ അമാവാസികളുടെയും
ഇരുട്ടിനെ മൊത്തമായി
വിളിച്ചു കയറ്റാന്‍ പറ്റിയ
വാതിലുള്ള ഒരു മുറി.

അല്ലേലും
ഈ വാതിലുകളിങ്ങനാ
ആവശ്യമില്ലാത്തവയെ
ഓടിച്ച് അകത്തു കയറ്റും.
സ്വകാര്യതയിലേക്ക്
തുറിച്ച കണ്ണുകളയക്കുന്ന
ജന്തുക്കള്‍.

എന്റെ വീര്‍പ്പുമുട്ടലുകളും
പൊട്ടിച്ചിരികളും കേട്ട്
എന്നെ ഗാഡമായി
പ്രണയിച്ചിരുന്ന
ഒരു പെണ്‍കുട്ടിയുടെ
പറന്നു വരുന്ന
ചുംബനങ്ങളെ
എന്നിലേക്കെത്തിക്കുന്ന
നാലഴികളുള്ള
ഒരു ജനലുണ്ടായിരുന്നു.
അഞ്ചാമതൊരു
അഴികൂടി
പണിയാനുള്ള
ചിന്തകളായിരുന്നു
എന്റെ മനസില്‍.

ഈ അഴികള്‍
അടയുന്ന നിമിഷം,
മുറിയിലെ
ഏതോ ആണുവില്‍
ഒളിച്ചിരിക്കുന്ന
അപരിചതനെ
ഓര്‍മ്മിപ്പിച്ചിരുന്നു.

ജനലിനകലെ നിന്നുള്ള
ആ മൂന്ന് വയസ്സുകാരിയുടെ
ശുശ്രൂഷയായിരുന്നു
അന്നെന്നെ ജീവിപ്പിച്ചിരുന്നത്.

എനിക്കെന്റെ ചിന്തകള്‍
നഷ്ടപ്പെട്ടിരിക്കുന്നു,
ഇന്ന്
നഗരത്തിലെ പോലെ
മറ്റു പലയിടങ്ങളിലും
എനിക്ക് ഓരോ മുറികളുണ്ട്.
ഏങ്കിലും
ഭ്രാന്താശുപത്രിയുടെ
ഏതെങ്കിലുമൊരു കോണില്‍
ആ പഴയ
മുറിയും വാതിലും
ജനലും പെണ്‍കുട്ടിയും
ഇപ്പോഴും കാണും.

Saturday, June 6, 2009

ഒരു കപ്പല്‍ ഛേദത്തിന്‍റെ കഥ- കടലിന്റെയും

1

മഴ
മറിയയെ ഓര്‍മ്മിപ്പിക്കുന്നു,
മറിയ പൊളിഞ്ഞു പോയ
ഒരു കപ്പലിനെയും.

ഒരു കടലിനെ
മൊത്തമായി നേടിയെടുത്ത
അവളുടെ കണ്ണുകളില്‍ നിന്നാണ്
ഒരു നിലവിളിയോടെ അവന്‍ ഇറങ്ങിവന്നത്.


അമ്മയുടെ വിശുദ്ധ ഗര്‍ഭത്തിന്റെ
കുരിശു ചുമന്നാവണം
വളര്‍ന്നതെ
ഒരു കൂനുമായാണ്.

അവള്‍ തന്നെയാണ്
സൂചിയുടെ ദ്വാരം
കണ്ണിലേക്കു ചേര്ത്തു പിടിച്ച
അവനുവേണ്ടി
അതിലൂടെ ഒട്ടകത്തെ കയറ്റിയതും
സൂചിമുന അവന്റെ
കണ്ണിലേക്കു തന്നെ
ആഴ്ത്തിയിറക്കിയതും.

നിത്യ കന്ന്യകയായ
അമ്മയുടെ ആര്‍ത്തവരക്തം
അവന്റെ കണ്ണുകളില്‍തെളിഞ്ഞ
ചുവപ്പില്‍
കനച്ചു പോയിരുന്നു.

2

അകത്തേക്ക് വരാനോ
പുറത്തേക്ക് പോകാനോ കഴിയാത്ത
വാതിലുകളായി
എന്നാണു ഇവരുടെ ജീവിതം
മാറിയത്.

കൂനന്റെ എത്രാമത്തെ
ശ്വാസത്തെയാണ്
അവള്‍ തന്റെ കൈക്കുമ്പിളില്‍
ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നത്.

മുപ്പത്തിരണ്ട്
വര്‍ഷങ്ങള്‍ എവിടെയും
അടയാളപ്പെടുത്താതെ പോയതാണ്
ഇനിയും ചികയണ്ട.

ഒരു പന്കായത്തിന്റെ
ഓര്‍മ്മകള്‍ പോലും
ബാക്കിയാക്കാതെ
കപ്പലെന്ഗോ പോയി
കടലെന്ഗോ പോയി.

3

ആത്മാവില്‍
പാപിയല്ലാത്തവന്‍
ഇവളെ കല്ലെരിയട്ടെയെന്നു
ആരാണ് ശപിച്ചത്‌.

Wednesday, May 27, 2009


Friday, May 8, 2009

ഹാവുവിലെ സ്ത്രീകള്‍

ഹാവൂവിലെ
സ്ത്രീകളുടെയല്ലാം
രഹസ്യക്കാരനാണു ഞാന്‍.
രാത്രിയുടെ കൂലിയുമെണ്ണി
ഞാനീ തെരുവിലൂടെ
നടക്കാറുണ്ട്.


ഏതെങ്കിലും
പൈപ്പിന്‍ ചുവട്ടില്‍
കുളിച്ചെന്നു വരുത്തി
ഉറക്കത്തെ പ്രാപിക്കുന്നു.
ഉറക്കത്തില്‍
വീര്‍ത്തു വരുന്ന
എന്റെ വയറും തടവി
വയറ്റില്‍ നിന്നൊരു
ചാപിള്ള പെറ്റു വീഴുന്നതും
സ്വപ്നം കണ്ട് ഞാനുണരുന്നു.


പണ്ട് ഹാവൂവെത്ര
സുന്ദരമായിരുന്നു,
ഇവിടുത്തെ സ്ത്രീകളും.
ഇപ്പൊഴവര്‍
പഴയതു പോലെയല്ല,
എനിക്കറിയാം എനിക്കേ
അറിയൂ.


ഹാവൂവിലൂടെ
കടന്നു പോകുന്ന
പുലര്‍ച്ച വണ്ടിയെത്തി നില്‍ക്കുന്നതു
ഇവരുടെ കിതപ്പുകളിലാണു.
ഇന്ന് ആ കിതപ്പുകള്‍
രാത്രിവണ്ടിക്കു തന്നെ
ഹാവൂവിലൂടെ
കടന്നു പൊകുന്നു.


തെരുവില്‍
ക്രിക്കെറ്റ് കളിക്കുന്ന
കുട്ടികളെ
തെറി വിളിക്കാന്‍
പോലുമാകാത്ത ഇവരുടെ
പകലുകള്‍
ദുര്‍ബലങ്ങളാണ്.
പഴയപോലെ
തെരുവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന
ലോറികളില്‍ നിന്നും
രാത്രിയുടെ സീല്‍കാരങ്ങള്‍
കേള്‍ക്കാറില്ല.


എന്നെങ്കിലും ഹാവൂവിലൂടെയുള്ള
നിങ്ങളുടെ യാത്രയും
വിരസമാകില്ല
കാരണം
ഹാവൂവിലെ വയറുകള്‍ക്ക്
ഇപ്പോഴും വിശക്കാറുണ്ട്.

Monday, April 27, 2009

ഒരു ഭീരുവിന്റെ കുറിപ്പുകള്‍

ഈ രണ്ടു
മുറികളിലേക്കും
ആഴ്ന്നിറങ്ങിയ
ശബ്ദങ്ങളാണ്
എന്നെ നിശബ്ദനാക്കുന്നത്.

നേരുകളെല്ലാം ചേര്‍ന്ന്
ശ്വാസം മുട്ടിച്ചു കൊന്ന
ഒരാത്മാവാണ്
എന്റെ അച്ചന്‍.

ഇവിടെയുറങ്ങി തീര്‍ത്ത
രാത്രികളാണ്
എന്റെ
ഉറക്കം കെടുത്തുന്നത്

ദുരിതങ്ങളെല്ലാം ചെര്‍ന്നു
സമ്പന്നമായിരുന്നു
അമ്മയുടെ മനസ്സ്.

ഇവിടെ
നിറഞ്ഞു നില്‍ക്കുന്ന ശരികളാണു
എന്നെ
തെറ്റാക്കുന്നത്.

സ്വാതന്ത്രങ്ങളെല്ലാം
ചേര്‍ന്ന്
തടവിലിട്ടിരിക്കുകയായിരുന്നു
കുഞ്ഞുപെങ്ങളെ.

വിശ്വസ്തതകളെല്ലാം
ചേര്‍ന്ന്
കള്ളനാക്കിയിരുന്നു
എന്റെ സുഹുത്തിനെ.

ഇവരുടെയൊക്കെ
നിശ്വാസങ്ങളാണ്
ഞാനിപ്പോഴും
ശ്വസിക്കുന്നത്.

Sunday, January 4, 2009

മുഖംമൂടികള്‍

എത്രയെത്ര
മുഖംമൂടികളാണു ഈ തെരുവില്‍
കള്ളന്റെ, കള്ളുകുടിയന്റെ
പെണ്ണുപിടിയന്റ കൂട്ടികൊടുപ്പുകാരന്റെ.

മുഖം നഷ്ട്പ്പെട്ടവര്‍ക്ക്
ഇവിടെയൊരാള്‍
മുഖം കൊടുക്കുന്നു.
ഏത്ര പേരില്‍ നിന്ന്
ഓടിയൊളിച്ചാലാകും
ഇയാള്‍ക്ക്
ഇത്രയേറെ മുഖം മൂടികള്‍
വില്‍ക്കാനാവുക.

മുഖങ്ങള്‍ കൊണ്ട് സമയത്തെയോര്‍മ്മിപ്പിച്ച
പേരറിയാത്ത പെണ്‍കുട്ടിയുടെ*
ചുംബനങ്ങളില്‍ നിന്നും
മോഷ്ടിച്ചതാണു എന്റെയീ മുഖം.
ആ ചെറുപ്പക്കാരന്റെ
കൈവിരലുകളിലേക്ക് നടന്നു കയറുവാന്‍
അവള്‍ എത്രയെത്ര
മുഖംമൂടികള്‍ മാറ്റിവച്ചിരിക്കും.

ഇവിടെയെങ്ങും
പരിചിതമായൊരു മുഖവുമില്ല
എല്ലാം ഏതൊക്കെയോ
മുഖംമൂടികള്‍ക്കുള്ളിലിരുന്നു പുഞ്ചിരിക്കുന്നു
മുഖംമൂടികള്‍ പല്ലിളിക്കുന്നു.

എവിടൊക്കെയോ
കുറെയേറെ മുഖംമൂടികള്‍
കാത്തിരിക്കുന്നു
മടക്കയാത്രയില്‍ ഒരാളും തിരിച്ചറിയരുത്.
എത്ര ആഴ്ന്നിറങ്ങിയാലാകും
ഈ മുഖംമൂടിക്കാരന്റെ കയ്യില്‍
എന്റെ മുഖങ്ങള്‍ തൂങ്ങിയാടുക.


* കിം കി ഡുക്കിന്റെ ദ ടൈം എന്ന സിനിമ

Friday, January 2, 2009

ചില ചോറ്റാനിക്കര കാഴ്ചകള്‍

ഒരു സിഗരറ്റിന്റെ
ദൂരമേയുള്ളൂ
വീട്ടില്‍ നിന്നും നടക്കലെക്ക്.
പാടവും നടുക്കുള്ള
പള്ളിയാന്ചെട്ടന്റെ കൂരയും
കടന്നാല്‍ ചോറ്റാനിക്കരയെത്താം.

കച്ചവടത്തിനായി വന്ന
ലൊദ്ജുമുതലാലിമാരത്രേ
ചോട്ടാനിക്കരയംമയെ
ചീത്തയാക്കിയത്.
പാപപരിഹാരമായാകണം
ഇന്നും കുറെ അവളുമാര്‍
ലൊദ്ജുകല് കയരിയിരങ്ങുന്നുണ്ട്.

കീഴ്കാവില്‍ തറച്ചിരിക്കുന്ന
ആണികളില്‍ നിന്നും
ഓടിയോളിക്കാനാവില്ല
ഒരു ദേവിക്കും ദേവനും
ഒരിക്കലും.
ഒന്നു കാതോര്‍ത്താല്‍ കേള്‍ക്കാവുന്നതെയുല്ല്
ഒരായിരം അമ്മേ വിളികള്‍
ഈ ആണികളില്‍ നിന്നും.

ഇവിടെ മുങ്ങി മരിച്ച
ഏതാത്മാവിനെയാണ്
നിങ്ങലീയാനികളിലേക്ക്
തരചിരുതാന്‍ പോകുന്നത്.

പൂരപരംബിലൂടെയുള്ള
മടക്കയാത്രയില്‍
ഒരു വെയിലിന്റെ
ദൂരകൂടുതല്‍ കാണാം.
ഇപ്പോഴും
ഒരു സിഗരറ്റിന്റെ ദൂരം
മാത്രമെ കാണൂ
എന്റെ വീട്ടിലേയ്ക്ക്.