Saturday, June 6, 2009

ഒരു കപ്പല്‍ ഛേദത്തിന്‍റെ കഥ- കടലിന്റെയും

1

മഴ
മറിയയെ ഓര്‍മ്മിപ്പിക്കുന്നു,
മറിയ പൊളിഞ്ഞു പോയ
ഒരു കപ്പലിനെയും.

ഒരു കടലിനെ
മൊത്തമായി നേടിയെടുത്ത
അവളുടെ കണ്ണുകളില്‍ നിന്നാണ്
ഒരു നിലവിളിയോടെ അവന്‍ ഇറങ്ങിവന്നത്.


അമ്മയുടെ വിശുദ്ധ ഗര്‍ഭത്തിന്റെ
കുരിശു ചുമന്നാവണം
വളര്‍ന്നതെ
ഒരു കൂനുമായാണ്.

അവള്‍ തന്നെയാണ്
സൂചിയുടെ ദ്വാരം
കണ്ണിലേക്കു ചേര്ത്തു പിടിച്ച
അവനുവേണ്ടി
അതിലൂടെ ഒട്ടകത്തെ കയറ്റിയതും
സൂചിമുന അവന്റെ
കണ്ണിലേക്കു തന്നെ
ആഴ്ത്തിയിറക്കിയതും.

നിത്യ കന്ന്യകയായ
അമ്മയുടെ ആര്‍ത്തവരക്തം
അവന്റെ കണ്ണുകളില്‍തെളിഞ്ഞ
ചുവപ്പില്‍
കനച്ചു പോയിരുന്നു.

2

അകത്തേക്ക് വരാനോ
പുറത്തേക്ക് പോകാനോ കഴിയാത്ത
വാതിലുകളായി
എന്നാണു ഇവരുടെ ജീവിതം
മാറിയത്.

കൂനന്റെ എത്രാമത്തെ
ശ്വാസത്തെയാണ്
അവള്‍ തന്റെ കൈക്കുമ്പിളില്‍
ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നത്.

മുപ്പത്തിരണ്ട്
വര്‍ഷങ്ങള്‍ എവിടെയും
അടയാളപ്പെടുത്താതെ പോയതാണ്
ഇനിയും ചികയണ്ട.

ഒരു പന്കായത്തിന്റെ
ഓര്‍മ്മകള്‍ പോലും
ബാക്കിയാക്കാതെ
കപ്പലെന്ഗോ പോയി
കടലെന്ഗോ പോയി.

3

ആത്മാവില്‍
പാപിയല്ലാത്തവന്‍
ഇവളെ കല്ലെരിയട്ടെയെന്നു
ആരാണ് ശപിച്ചത്‌.