Monday, August 31, 2009

നാടകാന്ത്യം

രംഗം 1

ഏതോ ഒരുവന്‍
ഒറ്റയ്ക്ക് നെയ്തെടുത്ത
തന്റെ ജീവിതമാണ്
ഈ കര്ട്ടന് പിന്നില്‍.
എന്നോ ഒരിക്കല്‍
നാഗരികതയിലേയ്ക്ക്
ഒളിച്ചോടിയ നായകന്‍
തിരിച്ച്ചെത്ത്തിയിട്ടു
വേണം
ഇവര്‍ക്ക്
ഈ ചെറിയ വേദിയില്‍
ഒരുങ്ങിയെത്താന്‍.

രംഗം 2

മകനുവേണ്ടിയുള്ള
കാത്തിരിപ്പിലെവിടെയോ
നഷ്ട്ടമായ കാഴ്ച്ചയും പേറി
ഒരമ്മയുണ്ട്.
പിഴച്ചു പോയെന്ന്
പരിതപിക്കുന്ന ഒരച്ഛനും.
ഭാര്യയുടെ
ഒരിക്കലും കണ്ടിട്ടില്ലാത്ത
പുര്‍വകാമുകനെ
വേട്ടയാടുന്ന
വില്ലനുമുണ്ട്.

രംഗം 3

കാരണം ബോധ്യപ്പെടാത്ത
ഗര്‍ഭം തേടിയുള്ള ഒരു യാത്രയുണ്ട്.
കണ്ണീരും,
ചടുലമായ
പ്രലോഭനങ്ങളുമുണ്ട്.
ഒരൊറ്റ വെടിവേപ്പിലോ
കത്തിക്കുത്തിലോ
വീഴാവുന്നതെയുള്ളൂ
ഈ കര്‍ട്ടനും.

എത്ര തകര്ന്നു
വീണാലും
ഒരു ജീവിതം ബാക്കിയുണ്ടാകും
ഈ അവസാന വേദിയില്‍.

Thursday, August 13, 2009

ഒരു പ്രത്യേക സ്ഥലത്തെ.. പ്രത്യേക കുറിപ്പ്..

ഞാനിന്നലെ
ഒരു ചേച്ചിയെ കണ്ടു.
നീളമുള്ള
പച്ചക്കുപ്പായത്തില്‍
കൈകള്‍ ആകാശത്തേക്ക്
നീട്ടിപ്പിടിച്ചിരിക്കുന്ന
സുന്ദരിയായ ഒരു ചേച്ചി.

അവര്‍ക്കു
ഇറാഖിലെ അമ്മമാരുടെ
മുഖമായിരുന്നു.

ഇന്നലെ വരെ
ഇവളുടെ മുഖം
വീടിന് പുറത്താരും
കണ്ടിട്ടേയില്ല.
ഇന്ന്
നമ്മളോരോരുത്തരും
ടെലിവിഷനിലൂടെ
കണ്ടുകൊണ്ടേയിരിക്കുന്നു.
അവളുടെ തലയിലെ പര്‍ദ്ദ
അവളെടുത്ത്
മാറ്റിയതല്ല.
അവളെയിതിടാന്‍
പ്രേരിപ്പിച്ചവര്‍ തന്നെ
കത്തിച്ചു കളഞ്ഞതാണ്.

അവളുടെ ചിന്തകള്‍
കത്തിപ്പോയ തന്റെ
മുഖം മൂടിയെക്കുറിച്ചല്ല.
ഒന്നു കാണാന്‍ ശരീരാവയവങ്ങള്‍
പോലും ബാക്കിയാക്കിയില്ലാത്ത
തന്റെ പിള്ളാരുടെ
അച്ഛനെക്കുറിച്ചാണ്.

പണികഴിഞ്ഞ് വന്ന്
ഒന്നു കിടക്കട്ടെയെന്ന്
പറഞ്ഞ അയാളെ
താന്‍ തന്നെയാണ്
‘കൊച്ച് കരയുന്നു
ഒന്നു വേഗം പോയ് വരൂ-
-വെന്ന് നിര്‍ബന്ധിച്ചത്.

പുറത്തെവിടെയോ
പൊട്ടിത്തെറികള്‍
നടന്നുവെന്ന്
ആരൊക്കെയോ
പറഞ്ഞ് പോകുന്നത് കേട്ടു.
കുഞ്ഞിനെയുമെടുത്ത്
അപ്പോള്‍ ഇറങ്ങിയതാണ്.
പോയ കടവരെ ചെന്ന് നോക്കി.
പരിക്കേറ്റവരുടെ കൂട്ടത്തില്‍
ആരും കണ്ടിട്ടില്ല.
മരിച്ചവരാരെങ്കിലും
കണ്ടിട്ടുണ്ടോയെന്ന്
വിളിച്ച് ചോദിക്കയാണവള്‍.
അവളുടെ
പര്‍ദ്ദയുടെ നിറമുള്ള
ഒരു ലോകത്തോട്.

--------------------------------------------------------------------
കുറിപ്പ്:
ഇറാഖിലെ ബോംബ് സ്ഫോടനങ്ങളില്‍ എല്ലാം തകര്‍ന്ന ഒത്തിരിപ്പേര്‍ക്ക് വേണ്ടി

Thursday, August 6, 2009

ഒരു മുറി.. രണ്ട് ചിന്തകള്‍..


എല്ലാ പൌര്‍ണ്ണമികളിലും
ജനലിലൂടെ പുറത്തേക്ക്
എത്തി നോക്കാന്‍
നഗരത്തില്‍, എനിക്കൊരു
മുറിയുണ്ടായിരുന്നു.

എല്ലാ അമാവാസികളുടെയും
ഇരുട്ടിനെ മൊത്തമായി
വിളിച്ചു കയറ്റാന്‍ പറ്റിയ
വാതിലുള്ള ഒരു മുറി.

അല്ലേലും
ഈ വാതിലുകളിങ്ങനാ
ആവശ്യമില്ലാത്തവയെ
ഓടിച്ച് അകത്തു കയറ്റും.
സ്വകാര്യതയിലേക്ക്
തുറിച്ച കണ്ണുകളയക്കുന്ന
ജന്തുക്കള്‍.

എന്റെ വീര്‍പ്പുമുട്ടലുകളും
പൊട്ടിച്ചിരികളും കേട്ട്
എന്നെ ഗാഡമായി
പ്രണയിച്ചിരുന്ന
ഒരു പെണ്‍കുട്ടിയുടെ
പറന്നു വരുന്ന
ചുംബനങ്ങളെ
എന്നിലേക്കെത്തിക്കുന്ന
നാലഴികളുള്ള
ഒരു ജനലുണ്ടായിരുന്നു.
അഞ്ചാമതൊരു
അഴികൂടി
പണിയാനുള്ള
ചിന്തകളായിരുന്നു
എന്റെ മനസില്‍.

ഈ അഴികള്‍
അടയുന്ന നിമിഷം,
മുറിയിലെ
ഏതോ ആണുവില്‍
ഒളിച്ചിരിക്കുന്ന
അപരിചതനെ
ഓര്‍മ്മിപ്പിച്ചിരുന്നു.

ജനലിനകലെ നിന്നുള്ള
ആ മൂന്ന് വയസ്സുകാരിയുടെ
ശുശ്രൂഷയായിരുന്നു
അന്നെന്നെ ജീവിപ്പിച്ചിരുന്നത്.

എനിക്കെന്റെ ചിന്തകള്‍
നഷ്ടപ്പെട്ടിരിക്കുന്നു,
ഇന്ന്
നഗരത്തിലെ പോലെ
മറ്റു പലയിടങ്ങളിലും
എനിക്ക് ഓരോ മുറികളുണ്ട്.
ഏങ്കിലും
ഭ്രാന്താശുപത്രിയുടെ
ഏതെങ്കിലുമൊരു കോണില്‍
ആ പഴയ
മുറിയും വാതിലും
ജനലും പെണ്‍കുട്ടിയും
ഇപ്പോഴും കാണും.