Tuesday, September 28, 2010

ആര്‍ത്തവം, ആവർത്തനങ്ങൾ

ഒരു ചോരത്തുള്ളിയുടെ
ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ്,
നീ ഒരിക്കല്‍ പടിയിറങ്ങിയത്.
കണ്ണാടിയില്‍ ഉപേക്ഷിച്ച
പൊട്ടിനേക്കാള്‍
ചുവന്ന നിറത്തിന്
നിന്നെ ഓര്‍മ്മിപ്പിക്കാമെന്ന് തെളിഞ്ഞത് അന്നാണ്.


Thursday, July 8, 2010

നൂല്‍പന്തുകള്‍

ആ വീടുനിറയെ
നൂലുകളായിരുന്നു
പരസ്പരം ബന്ധിപ്പിക്കാനെന്നവണ്ണം
ഒരു മുറിയില്‍ നിന്നും
മറ്റൊന്നിലേക്ക് തിരിയുന്നിടത്തെല്ലാം
ഓരോ നൂല്‍പന്തുകള്‍.

ആര്‍ത്തിരമ്പുന്ന മഴയില്‍
പുറത്തിറങ്ങാന്‍ വയ്യാത്ത
ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക്
ഇവയൊരാശ്വാസമായിരുന്നു.

ഇതുപോലൊരു
മഴക്കാലത്ത്
കരഞ്ഞു തളര്‍ന്നുറങ്ങുന്ന
കുഞ്ഞിന് വിശപ്പാറ്റാന്‍
ഒരമ്മ കടഞ്ഞെടുത്തതാവാം
ഈ പന്തുകള്‍.

അഴിച്ചു തുടങ്ങിയാല്‍
ആ അമ്മയുടെ മുണ്ടിന്റെ
ഒരറ്റത്തെത്താം നമുക്ക്,
എത്ര അഴിച്ചാലും
വിയര്‍പ്പിന്റെയോ രക്തത്തിന്റെയോ
മുലപ്പാലിന്റെയോ മണം
വിട്ടുപോകില്ല
ആ പന്തുകളില്‍ നിന്നും.
** 2008 സെപ്തംബറിലെ പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്‌

Thursday, June 24, 2010

പ്രവാചകയുടെ രഹസ്യം

ഒരിക്കല്‍ ഒരു കാക്കാലത്തിയുണ്ടായിരുന്നു,
കയ്യിലെ തത്തക്കൂടും
പച്ചക്കല്‍ മൂക്കുത്തിയും
വെറ്റിലക്കറയുള്ള ചിരിയുമായി
ഫലം പറഞ്ഞു നടന്നവള്‍,
പലപ്പോഴും,
അത് വെറും ഫലിതങ്ങളുമായിരുന്നു.
വര്‍ത്തമാനത്തിന്റെ
സൂചനകളില്‍ നിന്നും
അവള്‍ ഭാവിയെ വെളിപ്പെടുത്തുന്നു
അവളുള്ളപ്പോള്‍
ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍
തത്ത കൊത്തുന്ന ചീട്ടു പോലെ ലളിതം.

അവളുടെ വാക്കുകള്‍
നല്ലകാലത്തിന് വേണ്ടിയുള്ള
കാത്തിരിപ്പുകളായി,
മരിക്കാനിരുന്നവര്‍
മരിക്കാതെ മരിച്ച് ജീവിച്ചു
നാടുവിട്ടവര്‍
എന്നേലും തിരിച്ചുവരുമെന്ന
ഓര്‍മകളായി കാത്തിരുന്നു.
അവളിലൂടെ
പില്‍കാലം മുന്‍കാലത്തേക്കിറങ്ങി നടന്നു.
കാലം തെറ്റിയവര്‍ക്ക്
കാക്കാത്തിയാര്, തത്തയാര്.

ഒരിക്കല്‍ തന്റെ പച്ച ശരീരവും
കാക്കാലത്തിയെയും ബാക്കിയാക്കി
ആ വെറ്റിലച്ചിരിയും തട്ടിയെടുത്ത്
തത്തയെങ്ങോ പൊയ്,
തത്ത കൊത്തിയ
ഏത് ചീട്ടിലായിരിക്കും
ഈ മോഷണത്തിന്റെ
രഹസ്യം ഒളിച്ചിരുന്നത്.


തോര്‍ച്ച (ജനുവരി 2011)

Friday, June 18, 2010

മഴക്കാലത്തെക്കുറിച്ച് ഇങ്ങനെയും

മഴക്കാലമാണ്,
തോട്ടുവക്കത്തെ തണുപ്പില്‍
രണ്ട് ചങ്ങാതിമാര്‍
തോളോട് തോള്‍ ചേര്‍ന്ന് വലവീശുന്നു.

മഴയില്ലെങ്കില്‍
വൈകിട്ട് പള്ളിമുറ്റത്തെ നാടകത്തട്ടില്‍
ഇവര്‍ യൂദാസും പത്രോസുമാകും,
ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും,
മറ്റവന്‍ മൂന്ന് വട്ടം തള്ളിപ്പറയും.

മഴയുണ്ടെങ്കില്‍
ഇരുട്ടുവോളം മീന്‍പിടിക്കും,
ഒന്നിച്ചിരുന്ന് കള്ളുകുടിക്കും,
തെറിവിളിക്കും,
എന്നെ ഒറ്റിക്കൊടുക്കില്ല,
തള്ളിപ്പറയില്ല.
രാത്രിയാകുമ്പോള്‍ കെട്ടിപിടിച്ച് പിരിയും.

എന്നും മഴയായിരുന്നെങ്കില്‍.

Monday, April 12, 2010

പെന്‍സില്‍

അടുക്കളപ്പടിയിലിരുന്ന്
വലതു കൈവെള്ളയില്‍ വെച്ച്
ഇടതു കൈയിലെ
ബ്ലെയിഡു കൊണ്ട്
ചെത്തി നീര്‍പ്പിച്ച്
ഇല്ലാതാക്കിയിട്ടുണ്ട്
ഞാനൊരു പെന്‍സിലിനെ.

ഓരോ ചെത്തലിനും
ബാക്കിയാകുന്ന തടിക്കഷണങ്ങള്‍
നെടുവീര്‍പ്പിടുന്നുണ്ട്
ഏതൊക്കെയോ മരങ്ങളെ നോക്കി,
ഇതെന്റേതെന്ന് ചൂണ്ടി
തിരിച്ച് പിടിക്കാവുന്ന മരങ്ങള്‍
ഇനിയെവിടുന്നു കിട്ടും
ഈ തടിക്കഷണങ്ങള്‍ക്ക്

എത്ര വിയര്‍ത്തൊലിച്ചാലാകും
ഈ കാര്‍ബണിന്
ഒരു കൈയ്‌ക്കൊപ്പം
ഓടിയെത്താനാകുക.
എത്ര ശപിച്ചാലാകും
ഉരഞ്ഞു തീരുന്ന പേപ്പറിനെ
കത്തിച്ചില്ലാതാക്കാനാകുക.

പെന്‍സില്‍ കൊണ്ടുള്ള
ഓരോ എഴുത്തിലും
വിശുദ്ധയാകുന്ന പേപ്പര്‍
ഇനി എവിടേയ്ക്ക് നടക്കണം
ഒന്നുകൂടി വേരു പിടിയ്ക്കാന്‍.