Thursday, June 24, 2010

പ്രവാചകയുടെ രഹസ്യം

ഒരിക്കല്‍ ഒരു കാക്കാലത്തിയുണ്ടായിരുന്നു,
കയ്യിലെ തത്തക്കൂടും
പച്ചക്കല്‍ മൂക്കുത്തിയും
വെറ്റിലക്കറയുള്ള ചിരിയുമായി
ഫലം പറഞ്ഞു നടന്നവള്‍,
പലപ്പോഴും,
അത് വെറും ഫലിതങ്ങളുമായിരുന്നു.
വര്‍ത്തമാനത്തിന്റെ
സൂചനകളില്‍ നിന്നും
അവള്‍ ഭാവിയെ വെളിപ്പെടുത്തുന്നു
അവളുള്ളപ്പോള്‍
ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍
തത്ത കൊത്തുന്ന ചീട്ടു പോലെ ലളിതം.

അവളുടെ വാക്കുകള്‍
നല്ലകാലത്തിന് വേണ്ടിയുള്ള
കാത്തിരിപ്പുകളായി,
മരിക്കാനിരുന്നവര്‍
മരിക്കാതെ മരിച്ച് ജീവിച്ചു
നാടുവിട്ടവര്‍
എന്നേലും തിരിച്ചുവരുമെന്ന
ഓര്‍മകളായി കാത്തിരുന്നു.
അവളിലൂടെ
പില്‍കാലം മുന്‍കാലത്തേക്കിറങ്ങി നടന്നു.
കാലം തെറ്റിയവര്‍ക്ക്
കാക്കാത്തിയാര്, തത്തയാര്.

ഒരിക്കല്‍ തന്റെ പച്ച ശരീരവും
കാക്കാലത്തിയെയും ബാക്കിയാക്കി
ആ വെറ്റിലച്ചിരിയും തട്ടിയെടുത്ത്
തത്തയെങ്ങോ പൊയ്,
തത്ത കൊത്തിയ
ഏത് ചീട്ടിലായിരിക്കും
ഈ മോഷണത്തിന്റെ
രഹസ്യം ഒളിച്ചിരുന്നത്.






തോര്‍ച്ച (ജനുവരി 2011)

Friday, June 18, 2010

മഴക്കാലത്തെക്കുറിച്ച് ഇങ്ങനെയും

മഴക്കാലമാണ്,
തോട്ടുവക്കത്തെ തണുപ്പില്‍
രണ്ട് ചങ്ങാതിമാര്‍
തോളോട് തോള്‍ ചേര്‍ന്ന് വലവീശുന്നു.

മഴയില്ലെങ്കില്‍
വൈകിട്ട് പള്ളിമുറ്റത്തെ നാടകത്തട്ടില്‍
ഇവര്‍ യൂദാസും പത്രോസുമാകും,
ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും,
മറ്റവന്‍ മൂന്ന് വട്ടം തള്ളിപ്പറയും.

മഴയുണ്ടെങ്കില്‍
ഇരുട്ടുവോളം മീന്‍പിടിക്കും,
ഒന്നിച്ചിരുന്ന് കള്ളുകുടിക്കും,
തെറിവിളിക്കും,
എന്നെ ഒറ്റിക്കൊടുക്കില്ല,
തള്ളിപ്പറയില്ല.
രാത്രിയാകുമ്പോള്‍ കെട്ടിപിടിച്ച് പിരിയും.

എന്നും മഴയായിരുന്നെങ്കില്‍.

Monday, April 12, 2010

പെന്‍സില്‍

അടുക്കളപ്പടിയിലിരുന്ന്
വലതു കൈവെള്ളയില്‍ വെച്ച്
ഇടതു കൈയിലെ
ബ്ലെയിഡു കൊണ്ട്
ചെത്തി നീര്‍പ്പിച്ച്
ഇല്ലാതാക്കിയിട്ടുണ്ട്
ഞാനൊരു പെന്‍സിലിനെ.

ഓരോ ചെത്തലിനും
ബാക്കിയാകുന്ന തടിക്കഷണങ്ങള്‍
നെടുവീര്‍പ്പിടുന്നുണ്ട്
ഏതൊക്കെയോ മരങ്ങളെ നോക്കി,
ഇതെന്റേതെന്ന് ചൂണ്ടി
തിരിച്ച് പിടിക്കാവുന്ന മരങ്ങള്‍
ഇനിയെവിടുന്നു കിട്ടും
ഈ തടിക്കഷണങ്ങള്‍ക്ക്

എത്ര വിയര്‍ത്തൊലിച്ചാലാകും
ഈ കാര്‍ബണിന്
ഒരു കൈയ്‌ക്കൊപ്പം
ഓടിയെത്താനാകുക.
എത്ര ശപിച്ചാലാകും
ഉരഞ്ഞു തീരുന്ന പേപ്പറിനെ
കത്തിച്ചില്ലാതാക്കാനാകുക.

പെന്‍സില്‍ കൊണ്ടുള്ള
ഓരോ എഴുത്തിലും
വിശുദ്ധയാകുന്ന പേപ്പര്‍
ഇനി എവിടേയ്ക്ക് നടക്കണം
ഒന്നുകൂടി വേരു പിടിയ്ക്കാന്‍.

Tuesday, December 8, 2009

കണക്കെഴുത്തുകാരുടെ കഥ

തോറ്റവരുടെ
കണക്കു പുസ്തകത്തിലെ
അക്കങ്ങള്‍
എപ്പോഴും മാഞ്ഞു തുടങ്ങിയിരിക്കും,
തോല്‍വി ഭയന്ന്
ആ അക്കങ്ങളിലേക്ക്
തന്നെ തുറിച്ച്
നോക്കുന്നതിനാലാകാം
അക്കങ്ങള്‍
ഇത്രപെട്ടന്ന്
മരിച്ചു പോകുന്നത്.

അവന്റെ പുസ്തകത്തില്‍
ഉത്തമര്‍ണ്ണനില്‍ നിന്നും
അധമര്‍ണനിലേക്കുള്ള ദൂരം
ഏഴുകടലിനും
ഏഴുകരക്കുമപ്പുറത്തായിരിക്കും

എന്നും വാങ്ങിയതിലും കൂടുതല്‍
കൊടുത്തതിന്റെ
ആലസ്യത്തിലായിരിക്കും
അവള്‍ ഉറങ്ങുക.

അവന്റെ
രാത്രികളില്‍
എന്നോ ഒരിക്കല്‍
തീപിടിച്ച്
മുങ്ങിമരിച്ച
ഒരു കപ്പലിന്റെയും
കപ്പിത്താന്റെയും കഥ
സിനിമയാകാറുണ്ടായിരിക്കും.

കമ്പ്യൂട്ടര്‍
വെളിച്ചത്തിലേക്കുള്ള
തുറിച്ചു നോട്ടത്തിനി-
-ടയിലെപ്പോഴോ
സൂത്രത്തില്‍ അകത്തുകയറിയ
ഇരുട്ട് കൂട്ടികൊടുത്ത
ചില ശബ്ദങ്ങളുണ്ടാകാം
അവരുടെ കൂടെ.
ജീവിക്കണമെന്ന്
മാത്രം പറയുന്ന
ചില ഇമ്പമുള്ള
പാട്ടുകളായി.

Wednesday, December 2, 2009

ജനയുഗത്തില്‍ നിന്ന്

ജനയുഗത്തില്‍ നിന്നുള്ള
മടക്കയാത്രയില്‍
ആകാശവാണിക്ക് മുമ്പില്‍
ഒരു കാവല്‍ക്കാരനുണ്ട്.
റോഡിലേക്കരിച്ചിറങ്ങുന്ന
വെളിച്ചം നാടുകടത്തിയ
ഇരുട്ടിന് കാവലിരിക്കുന്ന ഒരാള്‍.
ഇരുട്ടിന്റെ മൂട് പിടിച്ച്
ഞാന്‍ നടക്കുമ്പോള്‍
മകന്റെ ടൂഷന്‍ ഫീസ്,
ഭാര്യയുടെ ആശുപത്രി ചിലവ്
എന്നിങ്ങനെ
അയാളുടെ കണക്കുകള്‍
അവസാനിക്കുന്നില്ല.

രാത്രി അതുവഴിയെങ്ങാന്‍
വന്നേക്കാവുന്ന
ഒരൊറ്റ പരിചിതനെയും
അയാള്‍ക്കറിയില്ല.
അയാള്‍ കാവലിരിക്കുന്നത്
രാത്രിയെ നിലനിര്‍ത്താനല്ലോ?

ആകാശവാണിയുടെ
മതിലില്‍ പതിച്ചിരിക്കുന്ന
സിനിമാ പോസ്റ്ററുകളില്‍
എത്രയെത്ര സുന്ദരികളാണ്,
ഇന്നിവരില്‍ ആരായിരിക്കും
എനിക്കൊപ്പം അന്തിയുറങ്ങുക.
മോപ്പാസാങില്‍ നിന്നിറങ്ങിവന്ന
പെണ്‍കുട്ടിയെപ്പോലെ
ചുരത്താന്‍ വെമ്പുന്ന മുലകളും
താങ്ങി ഏതോ ഒരുവള്‍
എനിക്കു വേണ്ടിയും കാത്തുനില്‍ക്കുന്നുണ്ട്
ഈ ചുമരുകളില്‍.

മാറില്‍ ഫണ്‍ കീസ്
എന്നെഴുതി വച്ച ടീഷര്‍ട്ടുമിട്ട്
ഏതോ ഒരുവള്‍
പകല്‍ ഇതുവഴി പോയിട്ടുണ്ട്.
എന്റെ കാലടികള്‍
ആ തമാശയെയാണ്
തേടുന്നതെന്ന്
അവളറിഞ്ഞിരുന്നെങ്കില്‍.

Monday, October 12, 2009

ഒരു പെണ്‍കുട്ടിയുടെ ചുംബനങ്ങളില്‍ നിന്നും മോഷ്ടിയ്ക്കപ്പെട്ട ചിലത്

തിരക്കിന്റെ
തെരുവുകളിലിരുന്ന്
എനിയ്ക്ക് നിന്നെ
കൊല്ലണമെന്ന്
അവള്‍ ഉറക്കെ
പാടാറുണ്ടായിരുന്നു.
പുറത്തെ മഴയെ
പ്രണയിച്ച്
പുതപ്പിനുള്ളില്‍
അശ്ലീലം വരയ്ക്കാറുണ്ടായിരുന്നു.
അവിടെ
മൌനം കൊണ്ട്

ശരിയെ
തെറ്റാക്കുകയായിരുന്നു
അവള്‍.

തെരുവിന്റെ
സംഗീതത്തില്‍
ന്രുത്തം ചെയ്യുന്ന
നിഴലുകളെ
സ്വപ്നം കാണാനാണ്
താന്‍ ഉച്ചത്തില്‍
പാടുന്നതെ-
-ന്നാണ് അവള്‍
അവകാശപ്പെട്ടിരുന്നത്.

നിലച്ചുപോയ സംഗീതത്തെ
നഗ്നത കാട്ടി
വശീകരിക്കുകയാണവള്‍.
സ്വപ്നങ്ങളിലൊരാള്‍
ഇതു ജീവിതമാണെന്നു പറയുമ്പോള്‍
ഞാന്‍ ജീവിതമെഴുതുന്നവളാണെന്ന്
അവളുടെ മറുപടി.
ഒളിച്ചു കടത്തിയ
വിശുദ്ധരഹസ്യവുമായി
തന്നെ നിരന്തരം
പിന്തുടരുന്ന ഒരാള്‍ക്കായി
ആത്മഹത്യയുടെ
നേരുകളുറങ്ങുന്ന
മുറിയില്‍
മരം പെയ്യുന്ന രാത്രികളെ
സ്വപ്നം കാണാറുണ്ടെന്ന് അവള്‍.

ഇന്ന്
ഒരു തെരുവു ഗായകന്‍
നിശബ്ദതയിലേയ്ക്ക്
കാതോര്‍ക്കുന്നത്
ഇവളുടെ സംഗീതത്തിനായാണ്
വിലാപങ്ങള്‍ക്കും
ഏറ്റുപറച്ചിലുകള്‍ക്കുമിടയില്‍
എവിടെയോ നിശബ്ദമായ
സംഗീതത്തിനായി

Monday, August 31, 2009

നാടകാന്ത്യം

രംഗം 1

ഏതോ ഒരുവന്‍
ഒറ്റയ്ക്ക് നെയ്തെടുത്ത
തന്റെ ജീവിതമാണ്
ഈ കര്ട്ടന് പിന്നില്‍.
എന്നോ ഒരിക്കല്‍
നാഗരികതയിലേയ്ക്ക്
ഒളിച്ചോടിയ നായകന്‍
തിരിച്ച്ചെത്ത്തിയിട്ടു
വേണം
ഇവര്‍ക്ക്
ഈ ചെറിയ വേദിയില്‍
ഒരുങ്ങിയെത്താന്‍.

രംഗം 2

മകനുവേണ്ടിയുള്ള
കാത്തിരിപ്പിലെവിടെയോ
നഷ്ട്ടമായ കാഴ്ച്ചയും പേറി
ഒരമ്മയുണ്ട്.
പിഴച്ചു പോയെന്ന്
പരിതപിക്കുന്ന ഒരച്ഛനും.
ഭാര്യയുടെ
ഒരിക്കലും കണ്ടിട്ടില്ലാത്ത
പുര്‍വകാമുകനെ
വേട്ടയാടുന്ന
വില്ലനുമുണ്ട്.

രംഗം 3

കാരണം ബോധ്യപ്പെടാത്ത
ഗര്‍ഭം തേടിയുള്ള ഒരു യാത്രയുണ്ട്.
കണ്ണീരും,
ചടുലമായ
പ്രലോഭനങ്ങളുമുണ്ട്.
ഒരൊറ്റ വെടിവേപ്പിലോ
കത്തിക്കുത്തിലോ
വീഴാവുന്നതെയുള്ളൂ
ഈ കര്‍ട്ടനും.

എത്ര തകര്ന്നു
വീണാലും
ഒരു ജീവിതം ബാക്കിയുണ്ടാകും
ഈ അവസാന വേദിയില്‍.