Wednesday, June 1, 2011

ഒരു രാത്രി ഉണ്ടായത് ഇങ്ങനെയാണ്

മുടിയിഴയില്‍
കിടപ്പറരംഗങ്ങള്‍ ഒളിപ്പിച്ചാണ്
അന്ന് രാത്രി നീ പടിയിറങ്ങിയത്
ഒരിക്കലും തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും
ഒന്നു തിരിഞ്ഞു നോക്കാതെ.

ഉറങ്ങുന്ന സുന്ദരികളുടെ
താഴ്‌വരയേക്കാള്‍ സുന്ദരിയാണ്
നീയെന്ന് എത്രയാവര്‍ത്തി പറഞ്ഞു,
എന്നിട്ടും നിഗൂഢമായ ഭാഷയില്‍
നീയതിനെ തള്ളിപ്പറയുകയായിരുന്നു.

ആ രാത്രി രഹസ്യമായി
നിനക്ക് നല്‍കിയ വിളിപ്പേരുകള്‍ക്കും
എനിക്കു നിന്നെ വെറുപ്പാണെന്ന
നിന്റെ ചുണ്ടിലെ വിറയലുകള്‍ക്കും
വെറുതെ പൂത്തുലഞ്ഞു പോയ
ഒരു രാത്രിയുടെ ഈണമുണ്ടായിരുന്നില്ല.

നിന്റെ കച്ചവടത്തിന്റെ കണ്ണുകള്‍
എന്നിലെ കൗതുകത്തിലേക്ക്
ആഴ്ന്നിറങ്ങിയപ്പോഴാണ്
അന്ന് രാത്രിയുണ്ടായത്.
വിടര്‍ന്ന അരക്കെട്ടുകള്‍ക്ക്
എന്തുചെയ്യാമെന്ന കൗതുകത്തെ
വിരലുകള്‍ തിരുമ്മി
എത്ര വേഗമാണ് നീ ഇല്ലാതാക്കിയത്.
വിശപ്പിനെക്കുറിച്ചുള്ള
ചോദ്യങ്ങളെ വിശറിയെന്ന് പറഞ്ഞ്
എന്തിനാണ് കെടുത്തിയത്
മഴയിറങ്ങുന്ന ആ രാത്രിയിലും
വിയര്‍ത്തു പോകുമെന്ന
ഭീതികളെ ഇല്ലാതാക്കിയത്.

വരാനിരിക്കുന്ന നിമിഷങ്ങളുടെ
ഉന്മാദത്തെ ഏത് കോലു കൊണ്ടാണ്
അളന്ന് തീര്‍ച്ചപ്പെടുത്തിയത്
വെറുതെ കളയാന്‍ സമയമില്ലെന്ന്
നീയെങ്ങനെയാണ് കാര്‍ക്കിച്ച് തുപ്പിയത്.

ഈ തെരുവിലെ ആരുടെ
കിടപ്പറ രംഗമാണ്
നിന്റെ മുടിയിഴകളെ ഇപ്പോഴും ഭയപ്പെടുന്നത്.
എവിടേക്കാണ് നിന്റെ അരക്കെട്ടിനെ
എന്റെ കണ്ണുകളില്‍ നിന്ന്
ഊരിയെടുത്തുകൊണ്ട് പോയത്.