Sunday, August 25, 2013

മെലിയൽ

ഒരിക്കൽ ഞാൻ വല്ലാതങ്ങ്
മെലിഞ്ഞുപോയി,
ഒരു കള്ളവാറ്റുകാരനെയോ,
കഞ്ചാവ് കച്ചവടക്കാരനെയോ
മുച്ചീട്ടുകളിക്കാരനെയോ നോക്കുന്നപോലെ
നിങ്ങൾ എന്നെ നോക്കി.
പിന്നെയും മെലിഞ്ഞപ്പോൾ
എന്റെ ശരീരത്തിൽ
ഒരു കള്ളൻ വിരിഞ്ഞു.

പിന്നീട് ഞാൻ വണ്ണം വയ്ക്കാൻ തുടങ്ങി
അപ്പോൾ നിങ്ങളെനിക്കൊരു
കൂട്ടിക്കൊടുപ്പുകാരനുള്ള
മാന്യത തന്നു.
പിന്നെയും തടിച്ചപ്പോൾ ഞാൻ,
നിങ്ങൾക്കൊരു അന്പരപ്പായി.

ഞാനിപ്പോൾ ഒരു 'വഴികണ്ടെത്താമോ'
പ്രശ്നത്തിന് മുന്നിലാണ്.
എന്റെ പഴയ രൂപത്തിലേക്കുള്ള വഴി.

ഒന്നു വച്ചാല്‍ രണ്ട്.....

ചൂതാട്ടത്തിന്റെവീടുകളാണ് കാസിനോകള്‍
നങ്കൂരമിടുന്ന കപ്പലുകള്‍,ഭക്ഷണശാലകള്‍,ചൂതാട്ടകേന്ദ്രങ്ങള്‍
തിന്നും കുടിച്ചും
വാതുവച്ചും കഴിയുന്ന
ദിനരാത്രങ്ങള്‍.
ഭാഗ്യം തേടുന്നവരുടെ ആശങ്കകള്‍
ഭാഗ്യം കെട്ടവരുടെ നെടുവീര്‍പ്പുകള്‍.

മക്കാവു ദ്വീപിലെ ഒരു കാസിനോ
ഒരു തെങ്ങിന്‍ ചുവട്ടിലേക്കോ
പൂരപ്പറമ്പിലേക്കോ വിരുന്നുവരുന്നു.
ഒന്നു വച്ചാല്‍ രണ്ട്. രണ്ട് വച്ചാല്‍ മൂന്ന്.....
ബീഡിപ്പുകയ്ക്കിടയിലൂടെ
ഒരുവന്റെ കടിച്ചുപിടിച്ച വാക്കുകള്‍.

രണ്ടിടത്തും ഭാഗ്യം തേടുന്ന
ഒരേ ആള്‍ക്കൂട്ടം.
പാടവരമ്പത്ത് കത്തിച്ചുവച്ച
ഒരു മണ്ണെണ്ണ വിളക്കണയുമ്പോള്‍
ആള്‍ക്കൂട്ടങ്ങള്‍ക്ക് വഴിതെറ്റുന്നു.
വഴിപിരിയുന്ന ആഭാസന്മാര്‍*
ആടിയുലയുന്ന നിഴലുകളില്‍
അഭയം തേടുന്നു.
 നിഴലുകള്‍ക്കൊപ്പം
അന്ന് രാത്രിയും പടിയിറങ്ങുന്നു.

ഋതുക്കളും വൃത്തവും ഒരു പെൺകുട്ടിയെ അടയാളപ്പെടുത്തുന്ന വിധം

വ‌ർഷത്തിലെ ഏതോ
ഒരു മാസത്തിന്റെ തുടക്കത്തിലെ
തിങ്കളാഴ്ചയിലേക്ക്
ഒരു ചുവന്ന വൃത്തത്തിനുള്ളിൽ
അവൾ അടയാളപ്പെടുന്നു,
അവളുടെ പതിവ്
വൃത്തങ്ങളിൽ നിന്ന്
വ്യത്യസ്‌തമായ ഒന്നിൽ.

കലണ്ടർ തൂങ്ങിയാടിയ
ആണിയും മുറിയും പോലും
ഭയപ്പെടുന്നത് പോലെ
കലണ്ടറിലെ അക്കങ്ങളിൽ
കെട്ടിനിൽക്കുന്ന മൗനത്തിന്
ഏതോ രഹസ്യത്തെ
വെളിപ്പെടുത്താനുള്ള
മടിയുണ്ട്.

ഋതുക്കളുടെ തനിയാവ‌ർത്തനത്തെ
ഭയപ്പെടുന്ന ഒരുവളെ
ആ ചുവന്ന വൃത്തത്തിനുള്ളിൽ
കുരുക്കാനാണ് നീക്കമെന്ന്
നമുക്കനുമാനിക്കാം
സംഖ്യകൾ മരണത്തിന്റെ
അടയാളങ്ങളാകുന്പോഴാണ്
ഈ ചുവന്ന വൃത്തത്തിന്റെ
സാധ്യതകളാരംഭിക്കുന്നതെന്നും.
വാക്കുകളെ വൃത്തത്തിലാക്കുന്നതിനേക്കാൾ
എത്രമാത്രം വിഷമിക്കേണ്ടി വരും
അവളെ ഈ വൃത്തത്തിനുള്ളിലെത്തിക്കാൻ.

ഒറ്റയെന്നോ ഇരട്ടയെന്നോ
വ്യത്യാസമില്ലാതെ സംഖ്യകൾ
മരണത്തിന്റെ വക്താക്കളാകുന്നതിനെ
നമുക്ക് നിർവചിക്കേണ്ടിയിരിക്കുന്നു.
ചുവപ്പിനെ ഭയപ്പെടുന്ന
അവൾക്ക് ഈ വൃത്തത്തെ
ആവശ്യമായി വരുമെന്നതാണ്
നമ്മുടെ പ്രതീക്ഷ.
അവൾ താനെ അതിലേക്ക്
നടന്നു കയറുന്നതു വരെ
നമുക്ക് കാത്തിരിക്കാം.
അലസമായി അവൾ അതിലൂടെ
നടക്കുന്പോൾ വൃത്തത്തിന്
രൂപം മാറുന്നത് കാണാം
ആദ്യം ഒരു ചതുരവും പിന്നീട്,
ഒരു നേർവരയും അതുകഴിഞ്ഞ്
ഒരു മഷിയടയാളം മാത്രമായും
അവൾ അതിനെ മെരുക്കിയെടുക്കുന്നു,
വൃത്തത്തിന്റെ രഹസ്യം
തന്റെ മാറിടത്തിലൊളിപ്പിച്ച് കടത്തുന്നു.

ഒടുവിൽ അവൾ പുറത്തെത്തുന്പോൾ
ഋതുക്കളുടെ വേദനയും
മരണത്തിന്റെ മരവിപ്പും ബാക്കിയാകുന്നു.