Wednesday, June 1, 2011

ഒരു രാത്രി ഉണ്ടായത് ഇങ്ങനെയാണ്

മുടിയിഴയില്‍
കിടപ്പറരംഗങ്ങള്‍ ഒളിപ്പിച്ചാണ്
അന്ന് രാത്രി നീ പടിയിറങ്ങിയത്
ഒരിക്കലും തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും
ഒന്നു തിരിഞ്ഞു നോക്കാതെ.

ഉറങ്ങുന്ന സുന്ദരികളുടെ
താഴ്‌വരയേക്കാള്‍ സുന്ദരിയാണ്
നീയെന്ന് എത്രയാവര്‍ത്തി പറഞ്ഞു,
എന്നിട്ടും നിഗൂഢമായ ഭാഷയില്‍
നീയതിനെ തള്ളിപ്പറയുകയായിരുന്നു.

ആ രാത്രി രഹസ്യമായി
നിനക്ക് നല്‍കിയ വിളിപ്പേരുകള്‍ക്കും
എനിക്കു നിന്നെ വെറുപ്പാണെന്ന
നിന്റെ ചുണ്ടിലെ വിറയലുകള്‍ക്കും
വെറുതെ പൂത്തുലഞ്ഞു പോയ
ഒരു രാത്രിയുടെ ഈണമുണ്ടായിരുന്നില്ല.

നിന്റെ കച്ചവടത്തിന്റെ കണ്ണുകള്‍
എന്നിലെ കൗതുകത്തിലേക്ക്
ആഴ്ന്നിറങ്ങിയപ്പോഴാണ്
അന്ന് രാത്രിയുണ്ടായത്.
വിടര്‍ന്ന അരക്കെട്ടുകള്‍ക്ക്
എന്തുചെയ്യാമെന്ന കൗതുകത്തെ
വിരലുകള്‍ തിരുമ്മി
എത്ര വേഗമാണ് നീ ഇല്ലാതാക്കിയത്.
വിശപ്പിനെക്കുറിച്ചുള്ള
ചോദ്യങ്ങളെ വിശറിയെന്ന് പറഞ്ഞ്
എന്തിനാണ് കെടുത്തിയത്
മഴയിറങ്ങുന്ന ആ രാത്രിയിലും
വിയര്‍ത്തു പോകുമെന്ന
ഭീതികളെ ഇല്ലാതാക്കിയത്.

വരാനിരിക്കുന്ന നിമിഷങ്ങളുടെ
ഉന്മാദത്തെ ഏത് കോലു കൊണ്ടാണ്
അളന്ന് തീര്‍ച്ചപ്പെടുത്തിയത്
വെറുതെ കളയാന്‍ സമയമില്ലെന്ന്
നീയെങ്ങനെയാണ് കാര്‍ക്കിച്ച് തുപ്പിയത്.

ഈ തെരുവിലെ ആരുടെ
കിടപ്പറ രംഗമാണ്
നിന്റെ മുടിയിഴകളെ ഇപ്പോഴും ഭയപ്പെടുന്നത്.
എവിടേക്കാണ് നിന്റെ അരക്കെട്ടിനെ
എന്റെ കണ്ണുകളില്‍ നിന്ന്
ഊരിയെടുത്തുകൊണ്ട് പോയത്.

Friday, January 7, 2011

പണ്ട് വളരെ പണ്ട് ഒരു കോലുമിഠായിക്കു വേണ്ടിയുണ്ടാക്കിയ കലാപം

ഒരാള്‍ കത്തിയുടെ ചെത്തിക്കൂര്‍പ്പിച്ച
തടിഭാഗം മുന്നോട്ട് നീട്ടി
നടന്നു വരുന്നുണ്ട്.
മറ്റൊരാള്‍
വാടാ പോരിന് എന്ന് അലറി നില്‍ക്കുന്നിടത്തേക്ക്.
ആരെടാ അവന്‍
കൊല്ലെടാ അവനെ എന്ന് മറ്റൊരുത്തന്‍.

അണിയറയില്‍ ആര്‍ക്കോ വേണ്ടി
ഒരു തോക്ക് ഉന്നം പരിശോധിക്കുന്നുണ്ട്.
തോക്ക് കാണുമ്പോള്‍ മാത്രം
ചിലര്‍ ഒന്നു തിരിഞ്ഞു നോക്കുന്നുമുണ്ട്.

ബാക്ക് സ്ട്രീറ്റ് ബോയ്‌സ് എന്നെഴുതിയ
ഒരു കറുത്ത ടീഷര്‍ട്ടിനോട്
കമോണ്‍ മാന്‍ എന്നൊരു വെളുത്ത ടീഷര്‍ട്ട്.
മൂട് കീറിയ നിക്കറിനെ മാത്രം നോക്കി
വട്ടയ്ക്കു പിന്നില്‍
ഒരു ഒളിപ്പോരുകാരന്‍.

പാലത്തിന് ചുവട്ടില്‍
പച്ചീര്‍ക്കിലി രാകി മിനുക്കുന്നുണ്ട്
ശത്രുവും മിത്രവുമല്ലാത്ത ചിലര്‍.
പരിക്കേറ്റ ഒരു ഭടന്‍
തന്റെ കൂട്ടര്‍ക്ക് മാത്രം അമ്പും വില്ലുമെത്തിക്കുന്നു,
പാലത്തിന് മുകളില്‍
കനത്തൊരു പോരാട്ടം കാത്തിരിക്കുന്നു.

കുഞ്ഞുങ്ങളുടെ കലാപത്തില്‍
കഥാപാത്രങ്ങള്‍ മാറിയിട്ടും
തിരശീല മാറാത്ത വേദനയില്‍
ഞങ്ങളുടെ തോട്ടിന്‍വക്കവും.

Wednesday, January 5, 2011

വെയിലിനോട് ഒരു കാര്യം

വേനലേ,

ഞാന്‍ നിന്നെ അറിയുന്നു.

ഇന്നലെ ഇതുവഴി ഒരു കുടചൂടി

നീ നടന്നു നീങ്ങുമ്പോള്‍

ഞാന്‍ നിന്നെ കാത്തിരിക്കുകയിരുന്നു.


മുറ്റത്തെ കിണറ്റുവെള്ളം മൊത്തിക്കുടിച്ച്

ഉടനെങ്ങും വറ്റരുതേയെന്നോര്‍മ്മിപ്പിച്ച്

ഒരു മൂളിപ്പാട്ടും പാടി

നീ നടന്നകലുമ്പോള്‍

ജനലരികില്‍ നിന്റെ കണ്ണില്‍പ്പെടാതെ

ഞാന്‍ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു.


വരണ്ട പുഞ്ചിരികളുടെ

ഉന്മാദത്തിലേക്ക് നീ ആഴ്ന്നിറങ്ങുമ്പോള്‍

നിന്റെ മടങ്ങി വരവിനായി

ഞാന്‍ കാത്തിരിക്കുകയായിരുന്നു.

ആകാശത്തില്‍ നിന്നും ഭൂമിയിലേക്കും

തിരിച്ചുമുള്ള നിന്റെ തീര്‍ഥാടനങ്ങള്‍

എന്റെ കാത്തിരിപ്പുകളായിരുന്നു.


നാളെയും നീ വരും

ഒരു നിഴലിനെ പോലും തിരിഞ്ഞു നോക്കാതെ

പോകുകയും ചെയ്യും.

എന്റെ കാത്തിരിപ്പുകള്‍ മാത്രം ബാക്കിയാകും.