Sunday, August 25, 2013

ഋതുക്കളും വൃത്തവും ഒരു പെൺകുട്ടിയെ അടയാളപ്പെടുത്തുന്ന വിധം

വ‌ർഷത്തിലെ ഏതോ
ഒരു മാസത്തിന്റെ തുടക്കത്തിലെ
തിങ്കളാഴ്ചയിലേക്ക്
ഒരു ചുവന്ന വൃത്തത്തിനുള്ളിൽ
അവൾ അടയാളപ്പെടുന്നു,
അവളുടെ പതിവ്
വൃത്തങ്ങളിൽ നിന്ന്
വ്യത്യസ്‌തമായ ഒന്നിൽ.

കലണ്ടർ തൂങ്ങിയാടിയ
ആണിയും മുറിയും പോലും
ഭയപ്പെടുന്നത് പോലെ
കലണ്ടറിലെ അക്കങ്ങളിൽ
കെട്ടിനിൽക്കുന്ന മൗനത്തിന്
ഏതോ രഹസ്യത്തെ
വെളിപ്പെടുത്താനുള്ള
മടിയുണ്ട്.

ഋതുക്കളുടെ തനിയാവ‌ർത്തനത്തെ
ഭയപ്പെടുന്ന ഒരുവളെ
ആ ചുവന്ന വൃത്തത്തിനുള്ളിൽ
കുരുക്കാനാണ് നീക്കമെന്ന്
നമുക്കനുമാനിക്കാം
സംഖ്യകൾ മരണത്തിന്റെ
അടയാളങ്ങളാകുന്പോഴാണ്
ഈ ചുവന്ന വൃത്തത്തിന്റെ
സാധ്യതകളാരംഭിക്കുന്നതെന്നും.
വാക്കുകളെ വൃത്തത്തിലാക്കുന്നതിനേക്കാൾ
എത്രമാത്രം വിഷമിക്കേണ്ടി വരും
അവളെ ഈ വൃത്തത്തിനുള്ളിലെത്തിക്കാൻ.

ഒറ്റയെന്നോ ഇരട്ടയെന്നോ
വ്യത്യാസമില്ലാതെ സംഖ്യകൾ
മരണത്തിന്റെ വക്താക്കളാകുന്നതിനെ
നമുക്ക് നിർവചിക്കേണ്ടിയിരിക്കുന്നു.
ചുവപ്പിനെ ഭയപ്പെടുന്ന
അവൾക്ക് ഈ വൃത്തത്തെ
ആവശ്യമായി വരുമെന്നതാണ്
നമ്മുടെ പ്രതീക്ഷ.
അവൾ താനെ അതിലേക്ക്
നടന്നു കയറുന്നതു വരെ
നമുക്ക് കാത്തിരിക്കാം.
അലസമായി അവൾ അതിലൂടെ
നടക്കുന്പോൾ വൃത്തത്തിന്
രൂപം മാറുന്നത് കാണാം
ആദ്യം ഒരു ചതുരവും പിന്നീട്,
ഒരു നേർവരയും അതുകഴിഞ്ഞ്
ഒരു മഷിയടയാളം മാത്രമായും
അവൾ അതിനെ മെരുക്കിയെടുക്കുന്നു,
വൃത്തത്തിന്റെ രഹസ്യം
തന്റെ മാറിടത്തിലൊളിപ്പിച്ച് കടത്തുന്നു.

ഒടുവിൽ അവൾ പുറത്തെത്തുന്പോൾ
ഋതുക്കളുടെ വേദനയും
മരണത്തിന്റെ മരവിപ്പും ബാക്കിയാകുന്നു.

1 comment: