ജനയുഗത്തില്‍ നിന്നുള്ള
മടക്കയാത്രയില്‍
ആകാശവാണിക്ക് മുമ്പില്‍
ഒരു കാവല്‍ക്കാരനുണ്ട്.
റോഡിലേക്കരിച്ചിറങ്ങുന്ന
വെളിച്ചം നാടുകടത്തിയ
ഇരുട്ടിന് കാവലിരിക്കുന്ന ഒരാള്‍.
ഇരുട്ടിന്റെ മൂട് പിടിച്ച്
ഞാന്‍ നടക്കുമ്പോള്‍
മകന്റെ ടൂഷന്‍ ഫീസ്,
ഭാര്യയുടെ ആശുപത്രി ചിലവ്
എന്നിങ്ങനെ
അയാളുടെ കണക്കുകള്‍
അവസാനിക്കുന്നില്ല.
രാത്രി അതുവഴിയെങ്ങാന്‍
വന്നേക്കാവുന്ന
ഒരൊറ്റ പരിചിതനെയും
അയാള്‍ക്കറിയില്ല.
അയാള്‍ കാവലിരിക്കുന്നത്
രാത്രിയെ നിലനിര്‍ത്താനല്ലോ?
ആകാശവാണിയുടെ
മതിലില്‍ പതിച്ചിരിക്കുന്ന
സിനിമാ പോസ്റ്ററുകളില്‍
എത്രയെത്ര സുന്ദരികളാണ്,
ഇന്നിവരില്‍ ആരായിരിക്കും
എനിക്കൊപ്പം അന്തിയുറങ്ങുക.
മോപ്പാസാങില്‍ നിന്നിറങ്ങിവന്ന
പെണ്‍കുട്ടിയെപ്പോലെ
ചുരത്താന്‍ വെമ്പുന്ന മുലകളും
താങ്ങി ഏതോ ഒരുവള്‍
എനിക്കു വേണ്ടിയും കാത്തുനില്‍ക്കുന്നുണ്ട്
ഈ ചുമരുകളില്‍.
മാറില്‍ ഫണ്‍ കീസ്
എന്നെഴുതി വച്ച ടീഷര്‍ട്ടുമിട്ട്
ഏതോ ഒരുവള്‍
പകല്‍ ഇതുവഴി പോയിട്ടുണ്ട്.
എന്റെ കാലടികള്‍
ആ തമാശയെയാണ്
തേടുന്നതെന്ന്
അവളറിഞ്ഞിരുന്നെങ്കില്‍.
No comments:
Post a Comment